Wednesday, October 19, 2011

കരമനയാര്‍ മലിനമാകുന്നു; കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണി

മലയിന്‍കീഴ്: ജില്ലയിലെ ഏഴ് കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ കരമനയാറില്‍ മാലിന്യനിക്ഷേപം വര്‍ധിക്കുന്നു. മീനമ്പള്ളി തോട്ടിലൂടെ വിളപ്പില്‍ശാല ചവര്‍കേന്ദ്രത്തില്‍ നിന്നുവരുന്ന മലിനജലത്തിനു പുറമേ ഓടകളിലൂടെയും വലിച്ചെറിയുന്ന മാലിന്യങ്ങളിലൂടെയും കരമനയാറ്റില്‍ നിത്യവും മാലിന്യമെത്തുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളത്തിനുപയോഗിക്കുന്ന ഏഴ് പദ്ധതികളാണ് കരമനയാറിലുള്ളത്. ഇതില്‍ മൈലമൂട് വട്ടത്തിന്‍പാറ ജലസംഭരണിയില്‍ നിന്നാണ് പി.ടി.പി. നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. വിളപ്പില്‍ശാല ചവര്‍ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നുള്ള മാലിന്യം മൈലമൂട് ഭാഗത്താണ് ആറ്റില്‍ ചേരുന്നത്. അവിടത്തെ ജലത്തില്‍ അനുവദനീയമായതിലുമധികം മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തനം ദീര്‍ഘനാളായി തടസ്സപ്പെട്ടിരിക്കുകയാണ്. മറ്റൊന്ന് വെള്ളൈക്കടവിലുള്ള പമ്പിങ് സ്റ്റേഷനാണ്. വിളപ്പില്‍ പഞ്ചായത്തിലേക്കാണ് ഇവിടെ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നത്. കുണ്ടമണ്‍കടവില്‍ നിന്ന് പി.ടി.പി. നഗര്‍, മലമുകള്‍, വലിയവിള, തിരുമല ഭാഗത്ത് ജലവിതരണം നടത്തുന്നു. ഈ ഭാഗത്ത് ആറിന്റെ അടിത്തട്ട് നിരീക്ഷിച്ചാല്‍ കറുത്ത പാട പടര്‍ന്നിരിക്കുന്നതുകാണാം. മങ്കാട്ടുകടവില്‍ നിന്നാണ് വിളവൂര്‍ക്കല്‍ പഞ്ചായത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പാറാമല പമ്പിങ്‌സ്റ്റേഷനില്‍ നിന്നാണ് തൃക്കണ്ണാപുരം, കുന്നപ്പുഴ, മുടവന്‍മുകള്‍ പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്നത്. കരമനയാറ്റില്‍ തൃക്കണ്ണാപുരത്ത് സംഭരിക്കുന്ന വെള്ളം പുന്നയ്ക്കാമുകള്‍, പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നു. ചൂഴാറ്റുകോട്ടയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് മലയം, ചൂഴാറ്റുകോട്ട, പാമാംകോട്, മൂക്കുന്നിമല റഡാര്‍‌സ്റ്റേഷന്‍, നേമം പ്രദേശങ്ങളില്‍ വിതരണത്തിനുപയോഗിക്കുന്നത്.

ഈ ഏഴ് ജലവിതരണ പദ്ധതികളും നദിയുടെ ഏതാനും കിലോമീറ്റര്‍ ദൂരത്തിനുള്ളിലാണ് വരുന്നത്. അതിനാല്‍ മാലിന്യവ്യാപനം വേഗത്തില്‍ സാധ്യമാകുന്നു. മങ്കാട്ടുകടവ്, തൃക്കണ്ണാപുരം ഭാഗത്ത് ഹോട്ടലിലെയും ഇറച്ചിക്കടകളിലെയും മാലിന്യം വാഹനങ്ങളിലെത്തി ആറ്റില്‍ തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡരികിലെ വീടുകളില്‍ നിന്നുള്ള മലിനജലം റോഡിലെ ഓടയിലേക്കാണ് ഒഴുക്കിവിടുന്നത്. കുണ്ടമണ്‍കടവിലുള്‍പ്പെടെ പല സ്ഥലത്തും ഓട തുറക്കുന്നതും ആറ്റിലേക്കാണ്. കേരളത്തില്‍ അത്യന്തം മലിനീകരണ ഭീഷണി നേരിടുന്ന പ്രധാന ജലസ്രോതസ്സായി കരമനയാര്‍ മാറിയെന്നാണ് ഇതുസംബന്ധിച്ച പഠനങ്ങളും സൂചിപ്പിക്കുന്നത്.

Courtesy: Mathrubhumi

No comments: